മലപ്പുറം: കെ.ടി ജലീലിനെതിരെ പരാതി നല്‍കി മുസ്ലിം യൂത്ത് ലീഗ്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിലാണ് പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജലീല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.

ജലീലിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഒരു സമുദായത്തെ കുറിച്ചു മറ്റുള്ളവര്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. ഇതിലൂടെ സമുദായത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിവാദ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.ടി ജലീല്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിം മതവിഭാഗത്തില്‍നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, എല്ലാ മുസ്ലിംകളും സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരാണെന്ന് പറഞ്ഞിട്ടില്ലെന്നും ജലീല്‍ വാദിച്ചു. സദുദ്ദേശ്യപരമായി ഞാന്‍ പറഞ്ഞ കാര്യത്തെ മോശമായി ചിത്രീകരിച്ചു. ഞാന്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ചുവെന്ന രീതിയില്‍ സൈബര്‍ ഇടത്തില്‍ പ്രചാരണം നടത്തിയെന്നും ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *