കര്‍ണാടകയില്‍ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ട ബലാത്സംഗം ചെയ്തു. 27 വയസ്സുള്ള ഇസ്രയേലി വനിതയ്ക്കും 29കാരിയായ ഹോംസ്റ്റേ ഉടമയ്ക്കും നേരെയായിരുന്നു അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ അക്രമി സംഘം തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്.
ഹംപിയില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്.
വ്യാഴാഴ്ച രാത്രി 11നും 11.30 നും ഇടയില്‍ ഹംപിയില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ അകലെയുള്ള സനാപൂര്‍ തടാകത്തിന് സമീപമാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
ഒരു ഇസ്രയേലി സ്ത്രീ ഉള്‍പ്പെടെ നാല് വിനോദസഞ്ചാരികളും, ഒഡീഷ, അമേരിക്ക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പുരുഷന്മാരും, അവരുടെ വനിതാ ഹോംസ്റ്റേ ഉടമയും നക്ഷത്രനിരീക്ഷണത്തിന് പോയിരുന്നു.ഈ സമയം, ബൈക്കിലെത്തിയ മൂന്ന് പേര്‍ സംഘത്തിന്റെ അടുത്തേക്ക് വന്ന് ഒരു പെട്രോള്‍ പമ്പിലേക്കുള്ള വഴി ചോദിച്ചു. അടുത്ത് ഒരു സ്റ്റേഷന്‍ ഇല്ലെന്ന് ഹോംസ്റ്റേ ഉടമ പറഞ്ഞപ്പോള്‍, അവര്‍ സംഘത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടു. പണം തരില്ലെന്ന് പറഞ്ഞപ്പോള്‍ അക്രമികള്‍ സംഘത്തോട് മോശമായി പെരുമാറുകയും അവരെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്യുകയുമായിരുന്നു.
സംഘത്തിലുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ ഡാനിയലിനും മഹാരാഷ്ട്ര സ്വദേശി പങ്കജിനും പരിക്കേറ്റിട്ടുണ്ട്. ഒഡിഷ സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
അതേസമയം പ്രതികളെ പിടികൂടാന്‍ ആറ് അംഗങ്ങളടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ബലാത്സംഗം, കവര്‍ച്ച, വധശ്രമം ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് റാം എല്‍ അരസിദ്ദി പറഞ്ഞു.