കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവില്‍ എസി തകരാറിലായിട്ട് രണ്ടാഴ്ച. ദുരിതത്തില്‍ ആയി രോഗികള്‍. കംപ്രസ്സര്‍ തകരാറായതാണെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസ് ട്വന്റിഫോറിനോട്.
എറണാകുളം ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ബ്ലോക്കിന്റെ അഞ്ചാമത്തെ നിലയിലാണ് ഓങ്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. 16 കിടക്കകളുള്ള ഐസിയുവില്‍ കീമോ കഴിഞ്ഞവരും ഉണ്ട്. പ്രത്യേക പരിചരണം ലഭിക്കേണ്ട രോഗികളാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. രണ്ടാഴ്ചയായി എസി പ്രവര്‍ത്തനഹിതമായതോടെ രോഗികള്‍ ബുദ്ധിമുട്ടിലാണ്.
കംപ്രസ്സര്‍ തകരാറിലായതാണ് കാരണം. കംപ്രസിന്റെ ചില ഭാഗങ്ങള്‍ ലഭിക്കാന്‍ ഇല്ലാത്തതിനാല്‍ ആണ് പരിഹാരം കാണാന്‍ വൈകുന്നത് എന്നു. ഉടനെ പ്രശ്‌നം പരിഹരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രഭുദാസ് വ്യക്തമാക്കി. ഫാന്‍ അടക്കമുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിശദീകരണം. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണം എന്നാണ് രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.
