യുക്രൈനില്‍ റഷ്യന്‍ സൈന്യം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും യുക്രൈന്റെ ഭാഗത്തുനിന്നുള്ള കനത്ത ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ കീവില്‍ ഒരു പാവസര്‍ക്കാര്‍ സ്ഥാപിക്കാനുള്ള പുതിന്റെ പദ്ധതി വിജയിക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്.

രഹസ്യാന്വേഷണ മേധാവികള്‍ ചൊവ്വാഴ്ച യുഎസ് എംപിമാരോട് ഇത് സംബന്ധിച്ച് വിശദീകരണം നടത്തി. അടുത്ത ആഴ്ചകളില്‍ പുടിൻ ആക്രമണം ശക്തമാക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. യുക്രൈന്‍ മുഴുവന്‍ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ ഇനിയും തുടരുമോ എന്നത് വ്യക്തമല്ല. യുക്രൈനെ മുഴുവനായി കൈവശം വെക്കുന്നതും നിയന്ത്രിക്കുന്നതും റഷ്യയ്ക്ക് വെല്ലുവിളിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഒരിക്കലും പിന്‍മാറാനാവാത്ത, അല്ലെങ്കില്‍ തോല്‍ക്കാനാവത്ത യുദ്ധമായിട്ടാണ് പുതിന്‍ ഇതിനെ കാണുന്നത്. എന്നാല്‍ റഷ്യക്ക് നേരിടേണ്ടിവരുന്ന സാമ്പത്തികമായതും മറ്റുവിധത്തിലുള്ളതുമായ തിരിച്ചടികള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ നിലപാട് മാറിയേക്കാം. പശ്ചാത്യ ഉപരോധങ്ങളുണ്ടാക്കാനിടയുള്ള പ്രശ്നങ്ങളോ സ്വകാര്യമേഖല രാജ്യത്തുനിന്ന് പിന്‍വലിയാനിടയുണ്ട് എന്ന കാര്യമോ റഷ്യന്‍ പ്രസിഡന്റ് മുന്‍കൂട്ടി കണ്ടില്ല. എന്നാല്‍ ഇതൊന്നും പുതിനെ യുദ്ധത്തില്‍നിന്ന് പിന്തിരിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും അവ്‌റില്‍ ഹെയിന്‍സ് പറഞ്ഞു.

ഇതിനിടെ റഷ്യയുടെ യുക്രൈൻ അധിനിവേശം 14-ാം ദിവസത്തിലേക്ക് കടന്നു.

Leave a Reply

Your email address will not be published. Required fields are marked *