നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ അനുവദിച്ചു കിട്ടിയ 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവിപാറ്റുകളും റാന്‍ഡം അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ വിവിധ പോളിങ് സ്‌റ്റേഷനുകളിലേക്ക് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി അനുവദിച്ചു നല്‍കുന്ന പ്രക്രിയയാണത്. മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഈ പ്രക്രിയ വഴിയാണ്. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ്‌വെയര്‍ വഴി വോട്ടിങ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കിയത്. വരണാധികാരിയും പെരിന്തല്‍മണ്ണ സബ്കളക്ടറുമായ അപൂര്‍വ ത്രിപാദി, തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകനായ കെ.വി.മുരളീധരന്‍, പോലിസ് നിരീക്ഷകന്‍ അരുണ്‍ ശങ്കുഗിരി, ചെലവ് നിരീക്ഷകന്‍ അങ്കിത് ആനന്ദ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റാന്‍ഡമൈസേഷനു ശേഷം വോട്ടിങ് മെഷീനുകള്‍ പോളിങ് സാമഗ്രികളുടെ സ്വീകരണ- വിതരണ കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കൊണ്ടുപോയി. ജൂണ്‍ 18 നാണ് പോളിങ് സമഗ്രികളുടെ വിതരണം. ജൂണ്‍ 19 ന് വേട്ടെടുപ്പ് നടക്കും. 23 ന് വോട്ടെണ്ണൽ വരെ യന്ത്രങ്ങൾ ഇതേ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *