കൊച്ചി ‘ജെഎസ്‌കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകിയുടെ പേര് ഇനി മുതല്‍ ‘ജാനകി. വി’ എന്നു മാറും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. മാത്രമല്ല, സിനിമയുടെ രണ്ടു ഭാഗങ്ങളില്‍ ജാനകി എന്ന പേര് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധനയും നിര്‍മാതാക്കള്‍ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങള്‍ വീണ്ടും സമര്‍പ്പിച്ചാല്‍ 3 ദിവസത്തിനുള്ളില്‍ ചിത്രത്തിന് അനുമതി നല്‍കാന്‍ സാധിക്കുമെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് മാറ്റി.

രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്ക് കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യല്‍ കൂടി േചര്‍ത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തില്‍ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ് രാവിലെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ചേര്‍ന്നപ്പോള്‍ പേര് മ്യൂട്ട് ചെയ്യുന്ന കാര്യം അംഗീകരിക്കുന്നു എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സിനിമയുടെ ടീസര്‍ അടക്കമുള്ളവ ജാനകി എന്ന പേരില്‍ ആയതിനാല്‍ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ െസന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ പേരു മാറ്റാമെന്ന് നിര്‍മാതാക്കള്‍ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്‌കെ ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും.

ചിത്രത്തിലെ കോടതി രംഗങ്ങള്‍ക്കിടയില്‍ ജാനകി എന്നു പേരു പരാമര്‍ശിക്കുന്നത് മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ 1.06.45 മുതല്‍ 1.08.32 സമയത്തിനിടയ്ക്കും 1.08.33 മുതല്‍ 1.08.36 സമയത്തിനിടയ്ക്കും പരാമര്‍ശിക്കുന്ന പേരാണ് മ്യൂട്ട് ചെയ്യേണ്ടത്. ഇത് മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ചിത്രം ഇതനുസരിച്ച് എഡിറ്റ് ചെയ്തു വീണ്ടും സെന്‍സര്‍ ബോര്‍ഡ് അംഗീകാരത്തിനായി സമര്‍പ്പിക്കും. ടീസറും പോസ്റ്ററുകളും അടക്കം സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കാര്യങ്ങള്‍ പിന്നീട് പ്രശ്‌നമാകരുതെന്നും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. കേസ് അന്തിമമായി പരിഗണിക്കുമ്പോള്‍ അക്കാര്യം വ്യക്തമാക്കാമെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *