വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എംവി ഗോവിന്ദന്‍, എംവി ജയരാജന്‍ എന്നിവര്‍ ഒപ്പമാണ് പിണറായി വിജയന്‍ എത്തിയത്. മന്ത്രി എപി അനില്‍കുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ വയനാട്ടില്‍ എത്തിയത്. അതേസമയം ദുരന്തത്തില്‍ മരണം അഞ്ചായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാര്‍ സ്വദേശിയും എസ്‌കവേറ്റര്‍ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സോണ്‍ ഒന്നില്‍ നടത്തിയ തെരച്ചിലില്‍ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. സോണ്‍ ഒന്നിലും രണ്ടിലുമാകും ഇന്ന് കേന്ദ്രീകരിച്ചു പരിശോധന നടത്തുക എന്ന് റവന്യു മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. കാണാതായവര്‍ക്കുള്ള തിരച്ചില്‍ മൂന്നാംദിനവും തുടരുകയാണ്. ദുരന്തത്തില്‍ പരുക്കേറ്റ് ഏഴ് പേരാണ് മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *