ഇ ബുള്‍ ജെറ്റ് സഹോദരന്‍മാർക്കെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍.’നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം കത്തും’, ‘ഇന്ന് ജെറ്റ് സഹോദരന്‍മാരെ പിടിച്ചു, നാളെ നമ്മളെയും അവര്‍ കുടുക്കും’, ‘ആ ഉദ്യോഗസ്ഥനെ പൂട്ടണം, അവനൊന്നും പുറത്തിറങ്ങാന്‍ പാടില്ല’ തുടങ്ങിയ പരാമര്‍ശങ്ങളാണ് ചില യുട്യൂബര്‍മാര്‍ നടത്തിയിരിക്കുന്നത്.

അതേസമയം, ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ‘കൊവിഡില്‍ ജനം ബുദ്ധിമുട്ടുമ്പോള്‍ ആര്‍ടി ഓഫീസില്‍ കയറി ഷോ കാണിച്ചവരെ അറസ്റ്റ് ചെയ്യണം’, ‘നിയമം ലംഘിച്ചത് എത്ര ആരാധകരുള്ള യുട്യൂബേഴ്‌സ് ആണേലും പിടിച്ച് അകത്തിടണം’ തുടങ്ങിയ കമന്റുകളുമായാണ് മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ആര്‍ടിഒ രംഗത്തെത്തി. ഓഫീസ് പരിസരത്ത് മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവര്‍ വാഹനത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയതെന്നും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനൊപ്പം ആര്‍ടി ഓഫീസ് പ്രവര്‍ത്തനവും തടസപ്പെടുത്തിതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ ടി ഒ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇന്നുണ്ടായ സംഭവവികാസങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാന്‍ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് തലവേദനയാവും

Leave a Reply

Your email address will not be published. Required fields are marked *