വർണ്ണ വിവേചനത്തിനെതിരെ കറുപ്പിനെ സന്ദേശമാക്കി മനോഹരമായ കോഫി ടേബിൾ ബുക്ക് നിർമ്മിച്ച് ആനന്ദ് ബനാറസ്.
ഹോളിവുഡ് ഫിലിം മേക്കറും അഭിനേത്രിയുമായ താരാ ഹൈറ്റ്ആണ് “കാല – പിൿറ്റോറിയൽ സ്റ്റോറീസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന് ആമുഖം എഴുതിയത്.
രണ്ട്‍ വർഷം മുൻപ് ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഓൺലൈൻ പനോരമിക് ഫോട്ടോ ആൽബം നിർമ്മിച്ച് ആനന്ദ് ലോക റെക്കോർഡ് നേടിയിരുന്നു. ഇന്നിപ്പോൾ താൻ പകർത്തിയ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് മാറ്റി അതുകൊണ്ട് മനോഹരമായ ഒരു കോഫീ ടേബിൾ ബുക്ക് നിർമ്മിച്ചിരിക്കുകയാണ് ആനന്ദ് .
“കറുപ്പ് എന്നത് മരണത്തിന്റെയും, നിർഭാഗ്യത്തിന്റെയും വർണ്ണമായി പലരും ചിത്രീകരിക്കുന്നു. എന്നാൽ കറുപ്പിനെ പോലെ എല്ലാം ഉൾക്കൊള്ളാനും, ഏതു ചിത്രത്തിനും നല്ല ആഴത്തിൽ അർത്ഥം നൽകുവാനും കഴിയുന്ന മറ്റൊരു നിറമില്ല . വർണ്ണ വിവേചനത്തിനെതിരെ ഒരു ബോധവൽക്കരണം നല്കാൻ കാലയിലൂടെ സാധിക്കും എന്നാണ് എന്റെ വിശ്വാസം. പ്രിയദർശൻ , കുമ്മനം രാജശേഖരൻ , ഗൗരി പാർവതി ബായി തമ്പുരാട്ടി തുടങ്ങിയവർ ബുക്ക് വായിച്ച ശേഷം നൽകിയ പ്രോത്സാഹനവും പിന്തുണയും ആശംസയും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. പിന്തുണച്ച ഏവർക്കും നന്ദി .” ആനന്ദ് പറയുന്നു.
. വിഖ്യാത ഫിലിം എഡിറ്റർ ശ്രീകർ പ്രസാദ് , കേണൽ ദിവാകരൻ പദ്മകുമാർ , എൻ.സി.പി.സി.ആർ മെമ്പർ ഡോ. ആർ.ജി. ആനന്ദ് , അഖിലേഷ് മിശ്ര ഐ.എഫ്.എസ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മനോഷി സിൻഹ, ചലചിത്ര താരങ്ങളായ ഉണ്ണി മുകുന്ദൻ, അപർണാ നായർ, രാധാ നായർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ, എന്നിവർ സമൂഹ മാധ്യമങ്ങളിൽ കാലയുടെ കവർ ചിത്രം പങ്കുവെച്ചു പിന്തുണ അറിയിച്ചു. മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ആനന്ദിന് ലഭിച്ചത്.
