വയനാട്: മുള്ളന്‍കൊല്ലിയില്‍ ജനവാസ മേഖലയില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന പിടിയില്‍. ആര്‍ആര്‍ടി സംഘമാണ് കുട്ടിയാനയെ പിടികൂടിയത്. കുട്ടിയാനയെ തോല്‍പ്പെട്ടിയിലേക്ക് മാറ്റാനാണ് തീരുമാനം. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. തോല്‍പ്പെട്ടിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കും. ജനവാസമേഖലയിലെ വീടുകള്‍ക്ക് സമീപം ഓടി നടക്കുകയായിരുന്നു. ആര്‍ആര്‍ടി സംഘം വളരെ സമയത്തെ നിരീക്ഷണത്തിന് ശേഷമാണ് ആനയെ പിടികൂടിയത്.
ഇന്ന് രാവിലെ മുതല്‍ ആന പ്രദേശത്തുണ്ട്. കാലില്‍ മാത്രമല്ല, തുമ്പിക്കൈയിലും പരിക്കുണ്ട്. കാട്ടിലേക്ക് തുരത്താന്‍ ആര്‍ആര്‍ടി സംഘം ശ്രമിക്കുന്നതിനിടെയാണ് പരിക്ക് ശ്രദ്ധയില്‍പെട്ടത്. കാപ്പിത്തോട്ടത്തില്‍ വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു വീട്ടിലേക്ക് ആന ഓടിക്കയറി. മതിലുള്ള വീടായതിനാല്‍ ആനക്ക് മറ്റെങ്ങോട്ടും ഓടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ആനയെ പിടികൂടിയത്. മികച്ച ചികിത്സ നല്‍കി പരിക്ക് ഭേദമാക്കിയതിന് ശേഷം പുനരധിവാസം നടത്താനാണ് ആര്‍ആര്‍ടി അധികൃതരുടെ തീരുമാനം.