നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി റഫ്‌നാസിനെതിരെ (22) വധശ്രമത്തിന് പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വെട്ടിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റഫ്നാസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതിയുടെ വിശദമൊഴി ഇന്ന് രേഖപ്പെടുത്തും. നാദാപുരം പേരോട് സ്വദേശിനിയായ നഹീമയെ(19) വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

വെട്ടേറ്റ പെണ്‍കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുന്നു. തലയ്ക്കും നെഞ്ചിലും വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഹീമയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ തന്നെ ശല്യംചെയ്യുന്നതായി നഹീമ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇയാളുടെ ബൈക്കില്‍നിന്ന് ഒരുകുപ്പി പെട്രോളും വെട്ടാനുപയോഗിച്ച കൊടുവാളും പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രതി നല്‍കിയ പ്രാഥമിക മൊഴി. പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇത് വീട്ടുകാരെ അറിയിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *