കുന്ദമംഗലം : എം.ഡി.എം.എ കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസിലെ പതിനൊന്നാം പ്രതിയെയാണ് കുന്ദമംഗലത്ത് നിന്ന് പൊലീസ് പിടികൂടിയത്. മുണ്ടിക്കല്‍താഴം കോട്ടാംപറമ്പ് സ്വദേശി സ്വദേശി ഷാഹുല്‍ ഹമീദ് (28) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മുമ്പും കേസ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്ന് പിടികൂടിയ ഈ കേസിലെ പ്രധാന പ്രതി ഇമ്രാനുമായി ഇയാള്‍ അക്കൗണ്ടിലൂടെ രണ്ട് മാസം കൊണ്ട് 12 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ കേസില്‍ രണ്ട് താന്‍സാനിയന്‍ സ്വദേശികളും നൈജീരിയന്‍ സ്വദേശിയും ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ കേസില്‍ നേരത്തെ പിടിയിലായിരുന്നു. ലഹരിക്കേസിലെ മുഴുവന്‍ കണ്ണികളെയും തേടി കുന്ദമംഗലം പൊലീസിന്റെ സാഹസിക യാത്രയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരുന്നത്. പൊലീസ് സൈബര്‍ സെല്ലുമായും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തില്‍ ഒരു ലഹരിക്കേസില്‍ ഇത്രയും ആളുകളെ പിടികൂടിയത് ആദ്യമായിട്ടാണ് എന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷര്‍ എ. ഉമേഷ് പറഞ്ഞു. കുന്ദമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. കിരണ്‍, പ്രിന്‍സിപ്പല്‍ എസ്.ഐ എ. നിധിന്‍, എസ്.സി.പി.ഒ മാരായ ബിജു മുക്കം, വിജേഷ് പുല്ലാളൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.