കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച്, എഐ ക്യാമറ മറികടക്കാൻ നടുറോഡിൽ ‘അഭ്യാസ പ്രകടനം’. അപകടകരമായി വാഹനം ഓടിക്കുകയും നിയമ ലംഘനം നടത്തുകയും ചെയ്ത ജില്ലയിലെ നൂറിലേറെ വിദ്യാർഥികൾ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും കോടതിയുടെയും നടപടിക്കുരുക്കിൽ. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെയും രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്തും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് വിദ്യാർഥികൾക്കെതിരെ നടപടി.

മോട്ടർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള, ജില്ലയിലെ 63 എഐ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനത്തിന്റെ വിവിധ ദൃശ്യങ്ങളാണ് മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചു നടപടിയെടുക്കുന്നത്. നിയമം ലംഘിച്ച് ഓടുന്ന വാഹന ഉടമയെ കണ്ടെത്താതിരിക്കാൻ വിദ്യാർഥികൾ സാഹസികമായാണ് നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്. ഹെൽമറ്റില്ലാതെ ഒരു സ്കൂട്ടറിൽ 4 മുതൽ 5 പേർ വരെ കയറിയാണ് യാത്ര. കിടന്നും തലകീഴായി തൂക്കിയും നമ്പർ പ്ലേറ്റ് മറയ്ക്കുകയാണ്. എഐ ക്യാമറ ഘടിപ്പിച്ച സ്ഥലത്തിന്റെ 200 മീറ്റർ അടുത്തെത്തുമ്പോഴാണ് ഈ അഭ്യാസം.

1) 3 പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ആൺകുട്ടി മറയ്ക്കുന്നു. 2) ഹെൽമറ്റില്ലാതെ രണ്ടു പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സാഹസികമായി മറയ്ക്കുന്നു. 3) 3 പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ പിൻഭാഗത്തെ നമ്പർ മറയ്ക്കുന്ന പെൺകുട്ടി. ഇത്തരം ലംഘനങ്ങൾ നടത്തുന്നതിൽ കൂടുതലും വിദ്യാർഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിസരത്തും ബീച്ച് മേഖലയിലുമാണ് നിയമലംഘനം കൂടുതലെന്ന് മോട്ടർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നമ്പർ ക്യാമറയുടെ അടുത്തെത്തുമ്പോൾ മാത്രമാണു മറച്ചുപിടിക്കുന്നതെങ്കിലും ക്യാമറയുടെ കാഴ്ചപരിധി വളരെ ദൂരെ നിന്നു ലഭ്യമാകുമെന്നതിനാൽ വാഹനങ്ങളുടെ നമ്പർ ലഭിക്കും. ഇതുവഴിയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *