റഷ്യയില്‍നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ആലോചിക്കുന്നു. യുദ്ധവിമാനത്തിന്റെ പ്രത്യേകതകള്‍ക്കൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവകാശവും നല്‍കാമെന്ന റഷ്യന്‍ ഓഫറും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധവിമാന ഇടപാടിന്റെ കാര്യത്തില്‍ ഈ വര്‍ഷം അവസാനം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീരുമാനമുണ്ടായേക്കും.

നിലവില്‍ ഇന്ത്യന്‍ വ്യോമസേന വലിയതോതില്‍ യുദ്ധവിമാനങ്ങളുടെ കുറവ് അനുഭവിക്കുന്നുണ്ട്. തദ്ദേശീയമായ യുദ്ധവിമാന വികസനവും നിര്‍മാണവും ഉദ്ദേശിച്ച വേഗത്തില്‍ പുരോഗമിക്കാത്തതു കണക്കിലെടുത്ത് വിദേശ വിമാനങ്ങള്‍ വാങ്ങേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയുടെ തദ്ദേശീയ സ്റ്റെല്‍ത്ത് വിമാനം എഎംസിഎ ( അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്) വികസനവും പൂര്‍ണമായിട്ടുമില്ല. ഇവ സൈന്യത്തിന്റെ ഭാഗമാകണമെങ്കില്‍ ഇനിയും 10 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഓഫര്‍.

അടിയന്തരമായി 20 യുദ്ധവിമാനങ്ങള്‍ നേരിട്ട് റഷ്യയില്‍നിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കാനുമാകും ഉദ്ദേശിക്കുന്നത്. വ്യോമസേനയ്ക്ക് 42 സ്‌ക്വാഡ്രണ്‍ ആണ് വേണ്ടത്. നിലവില്‍ 31 സ്‌ക്വാഡ്രണ്‍ എന്ന നിലയിലാണ് വ്യോമസേന. പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള ഭീഷണികളെ ഒരേസമയം നേരിടേണ്ടിവന്നാല്‍ വ്യോമസേനയ്ക്ക് കുറഞ്ഞത് 42 സ്‌ക്വാഡ്രണ്‍ എങ്കിലും വേണ്ടിവരും.

ഇന്ത്യയ്ക്ക് എസ് യു 57-ഇയുടെ സാങ്കേതികവിദ്യ കൈമാറാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സും നല്‍കും. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എസ് യു 30 എംകെഐയുടെ നിര്‍മാണ കേന്ദ്രത്തില്‍വെച്ച് എസ് യു-57 ഇ നിര്‍മിക്കാനാകും. ഇതിനൊപ്പം യുദ്ധവിമാനത്തിന്റെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കാമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. അങ്ങനെ ലഭ്യമായാല്‍ ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ആയുധങ്ങളും റഡാറുകളും എവിയോണിക്‌സും മറ്റും വിമാനത്തില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഓഫറാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. 110 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഈ സമയത്താണ് ഓഫറുമായി റഷ്യ മുന്നോട്ടുവന്നത്.

ഇതിനൊപ്പം 4.5 ജനറേഷന്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമായ എസ് യു-365 എം കൂടെ ഇന്ത്യയ്ക്ക് നല്‍കാമെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. രണ്ടും കൂടി ഒരുപാക്കേജാക്കിയാണ് റഷ്യ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് 40 എസ് യു-35 എം യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറാനാകുമെന്നാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. നിലവിലെ ഇന്ത്യയുടെ യുദ്ധവിമാനത്തിന്റെ ലഭ്യതക്കുറവിന് ഇത് താത്കാലിക ആശ്വാസം നല്‍കും. സ്‌ക്വാഡ്രണ്‍ ശേഷി നിലനിര്‍ത്താനും സഹായിക്കും. ഈ സമയംകൊണ്ട് ഇന്ത്യയില്‍ എസ് യു-57 ഇ യുദ്ധവിമാന നിര്‍മാണം വേഗത്തിലാക്കാനും സാധിക്കുമെന്നാണ് റഷ്യയുടെ ഓഫര്‍.

ഇതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ സ്റ്റെല്‍ത്ത് വിമാന പദ്ധതിക്ക് റഷ്യന്‍ സാങ്കേതികവിദ്യാ കൈമാറ്റം കൂടുതല്‍ കരുത്ത് പകരും. റഷ്യയുടെ ഓഫറില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിയാല്‍ ഈ വര്‍ഷം അവസാനത്തോടെ റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കരാര്‍ ഉണ്ടായേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതാകും തീരുമാനം. എന്നാല്‍, ഇതിനോടുള്ള യു.എസിന്റെ സമീപനം എന്താകുമെന്നതില്‍ ആശങ്കയുണ്ട്. കാരണം ഇന്ത്യയ്ക്ക് എഫ്-35 യുദ്ധവിമാനം യു.എസ് വാഗ്ദാനം ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ യു.എസ് പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനും സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. എന്നാല്‍, ഈ യാത്ര തത്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഇതും റഷ്യന്‍ യുദ്ധവിമാന ഓഫറും തമ്മില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *