തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

മകന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക. മെഡിക്കല്‍ കോളജിലുണ്ടായ അപകടത്തില്‍ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് ബിന്ദുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.

മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നുവീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍. വാസവനും പറഞ്ഞത്. പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ തിരച്ചില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചില്‍ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *