പുളിക്കല്‍: വഖ്ഫ് വിഷയത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്ന വല്‍ ജമാഅ ആവശ്യപ്പെട്ടു. ലോകത്തെങ്ങുമുള്ള മുസ്ലിം സമൂഹത്തിനിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സമ്പ്രദായമാണ് വഖ്ഫ്. അത് ആരുടെയെങ്കിലും അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തുകൊണ്ട് നടത്തുന്നതല്ല. ദൈവപ്രീതി ആഗ്രഹിച്ചു കൊണ്ട് മതപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ അവരുടെ സമ്പത്ത് സമര്‍പ്പിക്കുകയാണ് വഖ്ഫിലൂടെ ചെയ്യുന്നത്. ഈ മഹത്തായ സംരംഭത്തെ കലാപത്തിന്റെയും സംഘര്‍ഷത്തിന്റെയും കാരണമായി വിലയിരുത്തുന്നത് അജ്ഞതയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ മനസ്സിലാക്കണം.

മുനമ്പം പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുന്നതിന് പകരം വിവാദ പ്രസ്താവനകള്‍ നടത്തി പ്രകോപനമുണ്ടാക്കുന്നത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ തകര്‍ക്കും. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവര്‍ മാറി നില്‍ക്കണം. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. വര്‍ഗ്ഗീയ ശക്തികള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുക്കാതിരിക്കാനുള്ള ജാഗ്രത ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

പ്രവാചക ചര്യയെ നിഷേധിക്കാനും ദുര്‍വ്യാഖ്യാനിക്കാനും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മുസ്ലിം സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് കെ ജെ യു ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു. ഖുര്‍ആനിസ്റ്റുകള്‍ എന്ന പേരില്‍ രംഗത്ത് വരുന്നവര്‍ ഹദീസിനെ മാത്രമല്ല ഖുര്‍ആനിനെ കൂടിയാണ് നിഷേധിക്കുന്നത്. ഖുര്‍ആന്‍ അംഗീകരിക്കുന്ന വിശ്വാസികള്‍ക്ക് സ്വഹീഹായ ഹദീസുകള്‍ നിഷേധിക്കാനാവില്ല.

കേരള ജംഇയ്യത്തുല്‍ ഉലമ ഹദീസ് സമ്മേളനം കെ ജെ യു സംസ്ഥാന പ്രസിഡന്റ് എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. പി മുഹ്യിദ്ദീന്‍ മദനി, ഈസ മദനി, പി പി മുഹമ്മദ് മദനി, ഡോ മുഹമ്മദലി അന്‍സാരി പ്രസംഗിച്ചു. വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് നസീറുദ്ദീന്‍ റഹ്‌മാനി, എം ടി അബ്ദുസ്സമദ് സുല്ലമി, ഹദ് യത്തുല്ല സലഫി, കെ എം ഫൈസി തരിയോട്, പ്രൊഫ എന്‍ വി സകരിയ്യ, അഹ്‌മദ് അനസ് മൗലവി, ഡോ മുനീര്‍ മദനി പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ ടി പി അബ്ദുറസാഖ് ബാഖവി, എം എം നദ്വി, സ്വലാഹുദ്ദീന്‍ മദനി, പ്രൊഫ. മായിന്‍ കുട്ടി സുല്ലമി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *