നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍.രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പടയുടെ പടയോട്ടം. അര്‍ജന്റീനക്കായി കിക്ക് എടുത്തവരില്‍ എന്‍സോ ഫെര്‍ണാണ്ടസിന് മാത്രമാണ് പിഴച്ചത്. 2-0 എന്ന സ്‌കോറിലേക്ക് എത്തിയ അര്‍ജന്റീനയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനിലയില്‍ കുരുക്കിയാണ് നെതര്‍ലന്‍ഡ്‌സ് കളി അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീട്ടിയത്. 35ാം മിനിറ്റില്‍ മോളിനയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്‍പിലെത്തിയ അര്‍ജന്റീനയ്ക്ക് 75ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി മെസി ലീഡ് നല്‍കി. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റുന്നതില്‍ പിഴവ് സംഭവിച്ച മെസി ഈ മത്സരത്തില്‍ മികച്ച നേട്ടമാണുണ്ടാക്കിയത്. സെമി ഉറപ്പിച്ച അര്‍ജന്റീനയ്ക്ക് 83-ാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന്റെ മറുപടിയുമെത്തി. വെഗോര്‍സ്റ്റിന്റെ ഗോള്‍ അര്‍ജന്റീനയുടെ ലീഡ് കുറയ്ക്കുന്ന നിലയുണ്ടായി.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൂടുതല്‍ സമയവും നെതര്‍ലന്‍ഡ്സാണ് പന്ത് കൈവശം വച്ചത്. 63-ാം മിനിറ്റില്‍ ലഭിച്ച ഗംഭീര അവസരം തകര്‍ത്ത് മെസിയുടെ ഫ്രീ കിക്ക് പുറത്തേക്ക് പോയി. 66-ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന് പകരക്കാരനായി ലിയാന്‍ഡ്രോ പരേഡസ് കളത്തിലിറങ്ങി. ആദ്യ പകുതിയില്‍ അഞ്ച് ഷോട്ടുകള്‍ ഉതിര്‍ത്ത അര്‍ജന്റീന മൂന്നെണ്ണം ഓണ്‍ ടാര്‍ജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓണ്‍ ടാര്‍ഗെറ്റിലേക്കടിക്കാന്‍ പക്ഷേ നെതര്‍ലന്‍ഡ്സിന് സാധിച്ചില്ല. പന്ത് കൂടുതല്‍ സമയവും കൈവശം വച്ചത് നെതര്‍ലന്‍ഡ്സ് ആയിരുന്നെങ്കിലും അര്‍ജന്റീന കളം പിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *