
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടായെന്ന് പറയാൻ കഴിയില്ല കാരണം ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ദേവസ്വം. കഴകക്കാരൻ ബാലുവോ മറ്റാരെങ്കിലുമോ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. അതേസമയം കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരൻ ആകാൻ ഇനിയില്ലെന്ന് ബാലു പറഞ്ഞിരുന്നു. താൻ കാരണം ഇനി ഒരു പ്രശ്നമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. കഴകക്കാരനായി ഇനി ജോലി നോക്കേണ്ടെന്നാണ് കുടുംബത്തിന്റെയും തന്റെയും തീരുമാനം. തൻറെ നിയമനത്തിൽ തന്ത്രിമാർക്ക് താൽപ്പര്യമില്ല എന്നറിഞ്ഞത് വിഷമം ഉണ്ടാക്കി. തസ്തിക മാറ്റിയുള്ള ഉത്തരവ് ലഭിച്ചപ്പോഴാണ് അത് അറിയുന്നത്. പതിനേഴാം തീയതി തിരികെ ജോലിയിൽ പ്രവേശിക്കും. വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി തന്ന ഓഫീസ് ജോലി ചെയ്തോളാമെന്നും ബാലു വ്യക്തമാക്കി.
തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നാണ് ബാലുവിനെ ഓഫീസിലേക്ക് മാറ്റിയത്. തൊഴിൽ ക്രമീകരണത്തിന്റെ ഭാഗമായി മാറ്റിയ നിലവിലെ ജോലിയിൽ ഇനി തുടരാനാവില്ല. ബാലുവിന്റെ താൽപര്യത്തിനനുസരിച്ചുള്ള ജോലിക്ക് അപേക്ഷ നൽകിയാൽ സർക്കാരിലേക്ക് കൈമാറും. തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും ദേവസ്വം ചെയർമാൻ സി. കെ. ഗോപി പറഞ്ഞു.