ഇടറുന്ന വിരലുകളോടെ പ്രണാമം ഡെന്നീസ്;ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം

0

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ തീരാ നഷ്ടത്തിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളിഗോപിയും ആദരാഞ്ജലിയർപ്പിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് മുരളീഗോപിയുടെ അനുശോചനം.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

1987…പഴയ ഒരു ക്രിക്കറ്റ് കളം. വേനൽ അവധിക്കാലം. അടുത്തുള്ള ഏതോ അമ്പലത്തിൽ ഉത്സവം പ്രമാണിച്ചുള്ള ആഘോഷം. തെങ്ങായ തെങ്ങിലൊക്കെ കെട്ടിവച്ച കോളാമ്പികളിലാകെ സിനിമാ ഗാനയാഗം. താഴെ, തീപ്പൊരി മത്സരം. അവസാന വേഗം. ഉദ്വേഗ നിമിഷം.

അപ്പോഴതാ, കോളാമ്പികളിൽ ഒന്നടങ്കം ഒരു ശബ്ദം: “ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദർ ആരാണെന്ന്…” കളിക്കളം ഉറഞ്ഞു. കളി മറന്നു. കളിക്കാർ നിന്നയിടങ്ങളിൽ നിന്ന് കാതോർത്തു. തെങ്ങിൻതലപ്പുകളിൽ നിന്ന് പൊട്ടിച്ചിതറുന്ന അഭ്രതീവ്രതയുടെ ശബ്ദച്ചീളുകൾ!

ആ കളി ആര് ജയിച്ചു എന്ന് ഇന്നും ഞങ്ങൾ ഓർക്കുന്നില്ല. ഓർക്കുന്നത് ഒന്ന് മാത്രം: വൈഭവത്തിന് വീര്യത്തിൽ പിറന്ന വാക്കുകൾക്ക് ജീവിതത്തെ പോലും തളച്ചിടാനുള്ള ത്രാണിയുണ്ടെന്ന്..!

ഡെന്നിസ് ജോസഫ്, സർ, മറക്കില്ല, ഒരിക്കലും. ത്രസിപ്പിച്ചതിന്‌. കയ്യടിപ്പിച്ചതിന്. വാക്കുകൾക്കും വാൾമുനയുണ്ടെന്ന് പഠിപ്പിച്ചു തന്നതിന്…

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസെന്ന് സൂപ്പർസ്റ്റാർ മോഹൻലാൽ അദ്ദേഹത്തെക്കുറിച്ച് ഓർത്തെടുത്തു.
എൻ്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിൻ്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും,” മോഹൻലാൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്നുും വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ലെന്നും മെഗാസ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു,” മമ്മൂട്ടി കുറിച്ചു.

1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിക്കൊണ്ടാണ് ഡെന്നിസ് ജോസഫ്‌ സിനിമയില്‍ എത്തിയത്. ‘മനു അങ്കിൾ’ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയേറ്ററില്‍ നൂറു ദിവസങ്ങള്‍ ഓടി, ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.

സൂപ്പര്‍ ഹിറ്റുകളായ ‘രാജാവിന്റെ മകൻ’, ‘ന്യൂഡൽഹി’, ‘സംഘം’, ‘നമ്പർ 20 മദ്രാസ് മെയിൽ’, ‘കോട്ടയം കുഞ്ഞച്ചൻ’ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവാണ്. ‘അഗ്രജൻ’, ‘തുടർക്കഥ’, ‘അപ്പു’, ‘അഥർവ്വം’ തുടങ്ങിയവയാണ് ഡെന്നിസ് ജോസഫ്‌ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here