കൊല്ലം അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ട് വയസ്സുകാരനെ കണ്ടെത്തി. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്. അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ ഇന്നലെ കണ്ടെത്താനായിരുന്നില്ല.

രാത്രി മുഴുവന്‍ നാടും പൊലീസുകാരും ചേര്‍ന്ന് തിരയുകയായിരുന്നു. പൊലീസ് നായയെ ഉള്‍പ്പടെ കൊണ്ടുവന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ന് രാവിലെ ഏഴരയോടെ തൊട്ടടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഫര്‍ഹാനെ കണ്ടെത്തിയത്.

രാത്രി നല്ല മഴയായിരുന്നു. ഈ മഴ അടക്കം കൊണ്ട് കരയുക പോലും ചെയ്യാതെ ഫര്‍ഹാന്‍ രാത്രി മുഴുവന്‍ റബ്ബര്‍ തോട്ടത്തിലിരുന്നോ? കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി ഒടുവില്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതാണോ? ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *