ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റെ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കാവാലം സ്വദേശികളായ ഹരി കൃഷ്ണന്‍, യദു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാര്‍ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്‌ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്‌ക അണുബാധയായി മാറിയത്.
തലയ്ക്കുള്ളില്‍ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരനായ യുവാവ് ജൂണ്‍ 2 ന് രാത്രിയാണ് മരിച്ചത്. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്റെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.