കേരള മനസാക്ഷിയെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. പിതാവിനോടുള്ള വിരോധം ആണ് കൊലപാതക കാരണം എന്നാണ് പ്രോസിക്യൂഷൻ വാദം.കേദലിനു മാനസിക പ്രശ്നമില്ലെന്നും വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദൽ സ്വീകരിച്ചത്. ഫോറൻസിക് തെളിവുകൾ ആയിരുന്നു പ്രോസിക്യൂഷൻ പ്രാധാന്യത്തോടെ ഉയർത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങൾ പലതാണ്. ദുർമന്ത്രവാദ കഥകൾ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.

2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.

2017 ഏപ്രിൽ അഞ്ച് ഉച്ചയ്ക്ക് മുൻപ് താൻ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു തരാമെന്നു പറഞ്ഞു അമ്മ ജീൻ പത്മയെ മുകളിലുള്ള റൂമിലേക്ക് എത്തിക്കുന്നു.കമ്പ്യുട്ടറിനു മുന്നിൽ കസേരയിൽ ഇരുത്തി പിന്നിൽ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അന്ന് വൈകുന്നേരത്തിനു മുൻപ് തന്നെ ഇതേ രീതിയിൽ അച്ഛൻ രാജ തങ്കത്തേയും സഹോദരി കരോളിനെയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ ബെഡ്‌റൂമിൽ സൂക്ഷിച്ചു. അടുത്ത ദിവസം ബന്ധുവായ ലളിതയേയും ഇതേ രീതിയിൽ കൊലപ്പെടുത്തി.

ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനുള്ള ആദ്യ ശ്രമം. ശ്രമത്തിനിടയിൽ കേഡലിന്റെ കൈക്ക് പൊള്ളലേറ്റു.ഇതിനിടയിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു ജോസിനും,വീട്ടു ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. ഇവരോടൊക്കെ നുണകൾ പറഞ്ഞ് ഒഴിഞ്ഞുമാറി. എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാൻ വീണ്ടും ശ്രമിച്ചു. ഇതിനിടെ തീ മുറിയിലേക്ക് പടർന്നു. ഇതോടെ ഞെട്ടിക്കുന്ന കൊലപതാക വിവരം പുറം ലോകമറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *