കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം. അഞ്ചല്‍ കരുകോണില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ക്കാണ് കടിയേറ്റത്. അഞ്ചു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
അഞ്ചല്‍ കരുകോണ്‍ ടൗണില്‍ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മദ്രസയില്‍ പോയ കുട്ടിക്കും പത്താം ക്ലാസ് വിദ്യാര്‍ഥിക്കുമടക്കം ഏഴുപേര്‍ക്കാണ് നായയുടെ കടിയേറ്റത്.
കരുകോണ്‍ ടൗണില്‍ നിന്നവരെയും കടയ്ക്കുള്ളിലിരുന്നയാളെയും നായ കടിച്ചു. പ്രദേശവാസിയായ ബൈജുവിനെ തള്ളിയിട്ട ശേഷം മുഖത്തും ശരീരത്തും നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നിരവധി തെരുവുനായ്ക്കളെയും നായ അക്രമിച്ചു. നാട്ടുകാര്‍ക്ക് നേരെ വീണ്ടും തിരിഞ്ഞതോടെ പ്രദേശവാസികള്‍ തെരുവുനായയെ തല്ലിക്കൊന്നു. നായയുടെ കടിയേറ്റ അഞ്ചു പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.