കോഴിക്കോട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യില്‍ സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും. രാവിലെ 10 ന് ഐടിഐ ക്യാമ്പസില്‍ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. പിടിഎ റഹീം എംഎല്‍എ മുഖ്യാതിഥിയാവും. ചടങ്ങില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറും. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാര്‍ഥികള്‍ക്കാണ് 30 കമ്പനികളിലായി പ്ലേസ്‌മെന്റ് ലഭിച്ചത്. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴില്‍ ദാതാക്കളെയും ആദരിക്കും.

യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. ഐടിഐ പൂര്‍വ വിദ്യാര്‍ഥികളായ 27 യുവസംരംഭകരെ ചടങ്ങില്‍ ആദരിക്കും.

യുവാക്കള്‍ക്കിടയില്‍ നൈപുണി പരിശീലനവും തൊഴില്‍ സംസ്‌കാരവും സംരംഭകത്വവും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തില്‍ 1992 ല്‍ സ്ഥാപിതമായ മര്‍കസ് ഐടിഐയില്‍ നിന്നും ഇതിനകം 11,000 പേരാണ് പഠനം പൂര്‍ത്തീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളോടൊപ്പം മികച്ച പഠനാന്തരീക്ഷവും അടിസ്ഥാന സൗകര്യവും ഉറപ്പുനല്‍കുന്ന ഐടിഐക്ക് പ്രമുഖ ബ്രാന്‍ഡുകളുമായും കമ്പനികളുമായും പ്ലേസ്‌മെന്റ് കരാറുകളുണ്ട്. ഇതിലൂടെ പഠനശേഷം തൊഴില്‍ ഉറപ്പുനല്‍കാന്‍ സാധിക്കുന്നു. യുവജനങ്ങളുടെ തൊഴില്‍-സംരംഭകത്വ രംഗത്ത് മര്‍കസ് നിര്‍വഹിക്കുന്ന ദൗത്യങ്ങളുടെ ആഘോഷം കൂടിയാണ് സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം.

എല്‍ബിഎസ് ഡയറക്ടര്‍ ഡോ. എം അബ്ദു റഹ്‌മാന്‍, സിപിഎം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ആര്‍ജെഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, എസ് വൈ എസ് സെക്രട്ടറി കലാം മാവൂര്‍, വ്യാപാര-തൊഴില്‍-സംരംഭകത്വ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

മുഹമ്മദലി മാസ്റ്റര്‍
പ്രിന്‍സിപ്പല്‍, മര്‍കസ് ITI, അക്ബര്‍ ബാദുഷ സഖാഫി
ജോയിന്റ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, മര്‍കസ്,ഷമീം കെ.കെ
ജോയിന്റ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് മീഡിയ & കമ്മ്യൂണിക്കേഷന്‍, മര്‍കസ്. ജൗഹര്‍ കുന്നമംഗലം
കണ്‍വീനര്‍, സ്‌കില്‍സ്പിറേഷന്‍,അബ്ദുല്‍ അസീസ് സഖാഫി, ജോയിന്റ് കണ്‍വീനര്‍, സ്‌കില്‍സ്പിറേഷന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *