ഇടുക്കി: കിഴുക്കാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനംവകുപ്പ് കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവ് സരുൺ സജിക്ക് ഓട്ടോറിക്ഷ തിരിച്ചുകിട്ടി. വനംവകുപ്പ് വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വൈൽഡ് ലൈഫ് വാർഡൻ, ഫോറസ്റ്റർ എന്നിവരടക്കം കള്ളക്കേസിൽ കുടുക്കിയ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കട്ടപ്പന ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം സരുണിന് ഓട്ടോറിക്ഷയും മറ്റു അനുബന്ധരേഖകളും തിരിച്ചു കിട്ടിയത്.

കാട്ടിറച്ചി വിൽപന നടത്തി എന്ന് ആരോപിച്ച് സെപ്തംബർ 20-നാണ് ഇടുക്കി കിഴുക്കാനം ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലുള്ള കണ്ണംപടി സ്വദേശി സരുൺ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്യുന്നത്. ചെക്ക്‌പോസ്റ്റിൽ പരിശോധിച്ച ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം കെഎസ്ആർടിസി ബസിൽ ഈരാറ്റുപേട്ടക്ക് പോകുന്നതിനിടെ് സരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരുണിന്റെ ഓട്ടോറിക്ഷയിൽ നിന്നല്ല മാംസം കണ്ടെത്തിയതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തുടക്കം മുതലേ പരാതി ഉയർന്നിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ റേഞ്ച് ഓഫീസർ നേരിട്ടെത്തി ഓട്ടോറിക്ഷ വിട്ടുനൽകുകയായിരുന്നു. കൂടാതെ ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകൾക്കൊപ്പം മൊബൈൽ ഫോണും പണം അടങ്ങിയ പഴ്‌സും തിരിച്ചുനൽകി. ഓട്ടോറിക്ഷ തിരികെ കിട്ടിയെങ്കിലും മൂന്ന് പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സരുണിന് സർക്കാർ ജോലി എന്നത് ഇനിയും കിട്ടാക്കനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *