കർണാടകയിൽ കോൺഗ്രസ് ചരിത്ര വിജയമുറപ്പിച്ചതോടെ മുഖ്യ മന്ത്രി ആരാകുമെന്ന ചർച്ച ആരംഭിച്ചു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുമെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഡി കെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകിയേക്കുമെന്നും വിവരമുണ്ട്. തിരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലി​ഗ സമുദായത്തേയും കോൺ​ഗ്രസ് പരി​ഗണിക്കും. ഈ സമുദായത്തിൽ നിന്നുളള ഒരാളേയും ഉപമുഖ്യമന്ത്രിയായേക്കും.

ജയിച്ച എംഎൽഎമാരിൽ അധികവും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ്. ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺ​ഗ്രസിന് മുമ്പിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പ്രധാനമാണ്. 2013 മുതൽ 2018 വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പരിചയ സമ്പത്തുണ്ട് സിദ്ധരാമയ്യക്ക് അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിൽ ഒരു വിഭാ​ഗത്തിനുളളത്. അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഖാർ​ഗെ വ്യക്തമാക്കിയത്. കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ജി പരമേശ്വരനും ഉപമുഖ്യമന്ത്രിയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *