
ഇറാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന മര്യാദകള്‍ പാലിക്കേണ്ട എന്ന നിലപാടില്‍ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രയേലെന്നും അവര്‍ ഇറാനുനേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
‘ഇസ്രയേല്‍ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്ട്രമാണ്. ലോകത്ത് സാധാരണഗതിയില്‍ നിലനില്‍ക്കുന്ന ഒരു മര്യാദയും പാലിക്കേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ഒരു നാടാണ് അത്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് എല്ലാക്കാലത്തും ഇസ്രയേല്‍ സ്വീകരിച്ചിട്ടുള്ളത്’, മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘അത്യന്തം സ്‌ഫോടനാത്മകമായ വിവരങ്ങളാണ് ഇന്ന് രാവിലെ മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ ഈ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യും,’ മുഖ്യമന്ത്രി പറഞ്ഞു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. മിസൈലുകളും ഡ്രോണുകളുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇസ്രായേല്‍ സമാധാനത്തിനു ഭീഷണിയായ ഭൂലോക റൗഡി രാഷ്ട്രമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റലൂടെയാണ് മന്ത്രി ഇസ്രയേലിന്റെ ആക്രമണത്തെ അപലപിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ‘ഇസ്രയേല്‍ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാര്‍ഹം,’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
അഹമ്മദാബാദില്‍ വ്യാഴാഴ്ച ഉച്ചയോടെ നടന്ന വിമാനാപകടം രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളില്‍ ഒന്നായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടത്തില്‍ മരണപ്പെട്ട എല്ലാവരുടേയും വേര്‍പാട് അത്യന്തം വേദനാജനകമായിട്ടുള്ളതാണെന്നും സംഭവത്തില്‍ ഇന്നലെത്തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘കേരളത്തില്‍ നിന്നുള്ള ഒരു സഹോദരിയും ഈ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. അതില്‍ അഗാധമായ ദുഃഖവും വേദനയുമാണ് നാടാകെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി സര്‍ക്കാര്‍ കൂടെയുണ്ടാകും. ഈ അപകടം എങ്ങനെ സംഭവിച്ചു എന്നത് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരക്കണം എന്നാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.