അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ‘വേദനാജനകമായ സംഭവമാണ്, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും’ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞുങ്ങളെ രണ്ടുപേരെയും അമ്മയെ എല്പിച്ചാണ് രഞ്ജിത പോയത്. അമ്മ കാന്‍സര്‍ ബാധിതയാണെന്ന് മന്ത്രി പറഞ്ഞു. ‘നിയമപപരമായി ചെയ്യേണ്ടത് എല്ലാം ചെയ്യും.സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യയായും ഗുജറാത്ത് സര്‍ക്കാരുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന്’ മന്ത്രി പറഞ്ഞു.
‘പത്തനംതിട്ട ജില്ലാ കളക്ടറും ഗുജറാത്ത് സ്‌പെഷ്യല്‍ ഓഫീസറുമായി ചര്‍ച്ച നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരന്‍ ഇന്ന് വൈകിട്ട് അഹമ്മദാബാദിലേക്ക് പോകും, ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്യും. സാമ്പിള്‍ സ്ഥിരീകരണം ഉണ്ടായാല്‍ ഉടന്‍ തന്നെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും’. ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ 72 മണിക്കൂര്‍ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.