കണ്ണൂര്‍: മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്.
പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മല്‍ നിരവധി വെള്ളി നാണയങ്ങള്‍ എന്നിവയാണ് വ്യാഴാഴ്ച്ച വൈകിട്ട് കണ്ടെത്തിയത്. ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തുവിനുള്ളില്‍ നിന്നാണ് നിധി ശേഖരം ലഭിച്ചത്.
ചെങ്ങളായി പഞ്ചായത്ത് പത്താം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് വലിച്ചെറിഞ്ഞപ്പോള്‍ ആഭരണങ്ങളും നാണയങ്ങളും ചിതറുകയായിരുന്നു.
തുടര്‍ന്ന് തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചു. ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കി. പുരാ വസ്തു വകുപ്പിന്റെ പരിശോധനയില്‍ മാത്രമേ ഇവ നിധിയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.