
സ്വർണ വില റെക്കോർഡുകൾ മറികടന്നു കുതിക്കുകയാണ്.
ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി. ഇന്ന് നിലവിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.ഇന്നത്തെ നിരക്ക് അനുസരിച്ച് പത്ത് ഗ്രാം സ്വർണത്തിന്റെ വില 82,300 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,978 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,734 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഇന്നലെ പവൻ വില 440 രൂപ ഉയർന്ന് 64,960 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് ഇന്നലെ 2,944 ഡോളറായി ഉയർന്നതോടെയാണ് ഇന്ത്യയിലും വിലയിൽ മുന്നേറ്റമുണ്ടായത്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 64,600 രൂപയെന്ന റെക്കാഡാണ് ഇന്നലെ പവൻ മറികടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും വില വർദ്ധനയ്ക്ക് കരുത്തായി. മാർച്ച് മാസത്തിൽ ഇതുവരെ സ്വർണം പവന് 1,520 രൂപയാണ് കൂടിയത്. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണവിലയിൽ കുതിപ്പുണ്ടാക്കിയത്.വിലയിലെ കുതിപ്പ് ആഭ്യന്തര വിപണിയിൽ സ്വർണ വിൽപ്പനയിൽ കടുത്ത തിരിച്ചടി സൃഷ്‌ടിക്കുന്നുവെന്ന് ജുവലറി ഉടമകൾ പറയുന്നു. ഹോളിക്ക് മുന്നോടിയായി സാധാരണ വിൽപ്പനയിലുണ്ടാകാറുള്ള ഉണർവ് ഇത്തവണ ദൃശ്യമായില്ല. സാമ്പത്തിക രംഗത്തെ തളർച്ചയും ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപ മേഖലകളിലെ അനിശ്ചിതത്വവും വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ പറയുന്നു.