വിവാദ വിഷുക്കൈനീട്ടത്തിൽ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.വിഷുക്കൈനീട്ടം നൽകുമ്പോൾ മുതിർന്നയാളുകളുടെ കാലിൽ വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. അതു ചിലര്‍ക്കു പിടിച്ചില്ല. അതാണ് വിവാദത്തിനു പിന്നില്‍.
അതേസമയം സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറൊ അംഗം എ. വിജയരാഘവന്‍. ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സുരേഷ് ഗോപി സിനിമയിലെ കഥാപാത്രമായി പെരുമാറുകയാണ്. സ്ത്രീകളെ കൊണ്ട് കാല് പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും, ക്ഷേത്രങ്ങളെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ പറഞ്ഞു.
വിഷുവും വിശ്വാസവുമല്ല ഈ വിഷയത്തില്‍ കാണേണ്ടത്. വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് കൂട്ടിയിണക്കേണ്ടതുമില്ല. സുരേഷ് ഗോപി ഒരു ബി.ജെ.പി. നേതാവാണ് പാര്‍ലമെന്റ് അംഗമാണ്. അവിടെയും ബി.ജെ.പി. താത്പര്യങ്ങളാണ് സംരക്ഷിച്ചിരുന്നത്. സ്വാഭാവികമായിട്ടും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. പ്രചാരണത്തിന്റെ ഉദ്ഘാടനം വിഷുക്കൈനീട്ടം വിതരണം ചെയ്ത് ആരംഭിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഇതിനിടെ കൈനീട്ട വിവാദത്തില്‍ സുരേഷ്‌ഗോപി എംപി വിശദീകരണവുമായി രംഗത്തെത്തി. വണങ്ങുക എന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ല. സംസ്‌കാരം ഇല്ലാത്തവരെ പറഞ്ഞ് മനസിലാക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും കുട്ടികള്‍ക്കും സുരേഷ് ഗോപി വിഷുകൈനീട്ടം നല്‍കിയത് വിവാദമായിരുന്നു. കുട്ടികള്‍ വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കുന്ന സുരേഷ് ഗോപിയുടെ കാല് തൊട്ട് വന്ദിക്കുന്ന വിഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്.