നെടുമ്പാശേരി: അവിശ്വസനീയമായ അപകടമാണ് കുവൈത്തിലുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇത്രയും പേരുടെ മൃതശരീരങ്ങള്‍ ഒന്നിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യമാണ് കേരളത്തിനുണ്ടായിരിക്കുന്നത്. ചിന്തിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണിത്. മക്കളെയും കുടുംബത്തെയും പോറ്റുന്നതിന് വേണ്ടി വിദേശത്ത് പോയി കഷ്ടപ്പെട്ടവര്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്. കുടുംബങ്ങളുടെ വിവരിക്കാന്‍ കഴിയാത്ത ദുഖത്തില്‍ എല്ലാവരും പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലേക്ക് പോകുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര- സംസ്ഥാന പ്രതിനിധികള്‍ അവിടെ ഉണ്ടാകുകയെന്നത് ഏറ്റവും പ്രധാനമാണ്. സംസ്ഥാനത്തിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നുവെങ്കില്‍ മലയാളി സംഘടനകളെയൊക്കെ ഏകോപിപ്പിച്ച് കുറേക്കൂടി കാര്യങ്ങള്‍ ചെയ്യാനാകുമായിരുന്നു. പ്രതിനിധിയെ അയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ക്ലിയറന്‍സ് നല്‍കി അവരെ അവിടെ എത്തിക്കാനുള്ള സൗകര്യമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *