ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിയില്‍ നിന്നും വ്യാഴാഴ്ച സിങ്കപ്പൂരിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജപക്‌സെ മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് ഇപ്പോഴുള്ളത്. സിംഗപ്പൂരിലേക്ക് പോകാന്‍ ഒരു സ്വകാര്യ ജെറ്റ് ഏര്‍പ്പാടാക്കാന്‍ മാലിദ്വീപ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിംഗപ്പൂരില്‍ എത്തിയശേഷം സ്പീക്കര്‍ക്ക് രാജി അയച്ചുകൊടുക്കുമെന്നാണ് സൂചന.

രാജപക്‌സെയ്ക്ക് അഭയം നല്‍കിയതിനെതിരെ മാലിദ്വീപ് പ്രതിപക്ഷ കക്ഷികള്‍ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഇതോടെയാണ് സിംഗപ്പൂരിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചെ സൈനിക വിമാനത്തിലാണ് രാജപക്‌സെ മാലിദ്വീപിലെത്തിയത്. ഭാര്യ ലോമയും രണ്ട് അംഗരക്ഷകരും അദ്ദേഹത്തിനൊപ്പമുണ്ട്.

ബുധനാഴ്ച രാജിവയ്ക്കും എന്ന് അറിയിച്ച ഗോത്തബയ രജപക്‌സെ ഇതുവരെ തന്റെ രാജിക്കത്ത് കൈമാറിയിട്ടില്ല. രാജിക്കത്ത് കൈവശം വച്ചാണ് അദ്ദേഹം ശ്രീലങ്ക വിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലങ്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ തനിക്ക് നേരെ തിരിയുമെന്ന് ഗോത്തബയ ആശങ്കപ്പെടുന്നുവെന്നും പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് വിദേശത്തെ ഏതെങ്കിലും ഒരു സുരക്ഷിത കേന്ദ്രത്തില്‍ എത്തി ചേരാനുള്ള തിടുക്കത്തിലാണ് ഗോത്തബയ എന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

അതേസമയം, ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ തുടരുകയാണ് പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭകര്‍ കൈയേറിയ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള സൈനിക നീക്കം പരാജയപ്പെട്ടു.

പ്രക്ഷോഭകാരികളുമായി ഏറ്റുമുട്ടിയ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ആകാശത്തേക്ക് വെടി വയ്ക്കുകയും ചെയ്തു. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രക്ഷോഭം വ്യാപിക്കുമെന്നാണ് സൂചന. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ എന്തും ചെയ്യാന്‍ ആക്ടിംഗ് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ സൈന്യത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *