കൊച്ചി: ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്ന് രണ്ട് ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും ഐഒസി തീരുമാനിച്ചു.
അലക്‌സ് മാത്യുവിന്റെ കൊച്ചിയിലെ വീട്ടില്‍നിന്ന് നാല് ലക്ഷം രൂപയും ഏഴ് കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. വസ്തുക്കള്‍ വാങ്ങിയതിന്റെ രേഖകളും കണ്ടെത്തി.
ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് അന്വേഷണം നടക്കും.
കൈക്കൂലി കൂടാതെ അലക്‌സില്‍നിന്ന് കണ്ടെത്തിയ ഒരു ലക്ഷം രൂപയുടെ സ്രോതസ് പരിശോധിക്കും. ബാങ്കില്‍ നിന്ന് എടുത്ത പണമാണെന്നാണ് അലക്സിന്റെ മൊഴി. അതേസമയം, വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യത്യാസം കാണിച്ചതിനെ തുടര്‍ന്ന് അലക്‌സിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.