ചെന്നൈ: പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സംഗീത സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍ റഹ്‌മാനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഡോക്ടര്‍മാര്‍ ആന്‍ജിയോഗ്രാം നടത്തിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ റഹ്‌മാന് അസ്വസ്‌സഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനക്ക് പോയതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. റമദാന്‍ വ്രതം മൂലം ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായും വക്താവ് പറഞ്ഞു.
‘അദ്ദേഹം ഇന്നലെ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതിനാല്‍ രാത്രി തന്നെ പരിശോധനക്കായി ആശുപത്രിയില്‍ പോയി. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നിര്‍ജലീകരണം മൂലമാണ് ഇത് സംഭവിച്ചത്. അദ്ദേഹം വ്രതം അനുഷ്ഠിച്ചിരുന്നു’- വക്താവ് വ്യക്തമാക്കി.