സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 33,477 വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി.

ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 6484 വീടുകളും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 5147 വീടുകളും മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 682 വീടുകളുമാണ് പണിതു നല്‍കിയത്. വിവിധ വകുപ്പു മുഖേന 2192 വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കി. പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലൂടെ 8153 വീടുകളും പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയിലൂടെ 2345 വീടുകളും പൂര്‍ത്തീകരിച്ചു. ഇതിലൊന്നും ഉള്‍പ്പെടാതെ എസ് സി, എസ് ടി അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 2087 വീടുകളും ലൈഫ് 2020 ല്‍ 5893 വീടുകളും അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട 494 വീടുകളുമാണ് ഇതിനോടകം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്.

സ്വന്തമായി ഭൂമിയില്ലാത്ത ഗുണഭോക്താക്കള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ ഭൂമി ദാനമായി നല്‍കി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 90.75 സെന്റ് ഭൂമിയാണ് സൗജന്യമായി ലഭിച്ചിട്ടുള്ളത്. തലക്കുളത്തൂര്‍, കുന്നമംഗലം, കോട്ടൂര്‍, വില്യാപ്പള്ളി, പെരുമണ്ണ, കൂടരഞ്ഞി, ചക്കിട്ടപ്പാറ ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളിലായാണ് ഭൂമി ലഭ്യമായത്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വളരെ വിപുലമായാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് ഭൂവുടമകള്‍ ഭൂമി നല്‍കുന്നതിനുള്ള സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ലൈഫ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍ എന്‍ ഷിജു പറഞ്ഞു.

ജില്ലയില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പൂളക്കോട് ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മൂന്നാം നിലയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. 44 ഭൂരഹിത ഭവനരഹിത കുടുംബങ്ങളുടെ പുനരധിവാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *