കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി ഇത്തവണ തീര്‍ഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തെഴുതി. നുസുക് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്വാട്ട തടഞ്ഞുവെച്ചിട്ടുള്ളത്. നുസുക് പോര്‍ട്ടല്‍ അടക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഇത്തവണ 52507 സീറ്റുകളാണ് അനുവദിച്ചിരുന്നത്.
സഊദിയിലെ സേവന ദാതാവ്, താമസം, ഗതാഗത കരാര്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ളവ ചില സ്വകാര്യ ഗ്രൂപ്പുകള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം ക്വാട്ട തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. എല്ലാ വര്‍ഷവും ഹജ്ജ് യാത്രക്ക് കുറ്റമറ്റ രീതിയില്‍ സംവിധാനമൊരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ട മുഴുവന്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര ഇടപെടല്‍ തേടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
യാത്ര നടപടികള്‍ വേഗത്തിലാക്കി തടസ്സമോ അനിശ്ചിതത്വമോ ഇല്ലാതെ സുഗമമായി തീര്‍ഥാടനം ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും തീര്‍ഥാടനം തടസ്സപ്പെട്ടാല്‍ ഹജ്ജ് മാനേജ്മെന്റ് സിസ്റ്റത്തില്‍ കാലങ്ങളായി നില്‍ക്കുന്ന നമ്മുടെ നാടിന്റെ സല്‍കീര്‍ത്തിയെ അത് ബാധിക്കുമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങളുണ്ടാക്കുന്ന ഈ വിഷയത്തില്‍ അടുത്ത ദിവസങ്ങളിലെ സൗദി സന്ദര്‍ശന വേളയില്‍ ഇടപെടണമെന്നും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് യാത്ര കൂടുതല്‍ വ്യവസ്ഥാപിതമാക്കാന്‍ സംവിധാനങ്ങള്‍ കൂടിയാലോചിക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട തിരിച്ചുലഭിക്കാനിടയില്ലാത്ത വിവിധ പഠനമിടപാടുകള്‍ ഇതിനകം തന്നെ സ്വകാര്യ ഗ്രൂപ്പുകള്‍ നടത്തിയതിനാല്‍ അതു വലിയ പ്രയാസം സൃഷ്ടിച്ചേക്കും. നേരത്തെ ‘റോഡ് ടു മക്ക’ പദ്ധതിയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടും ഗ്രാന്‍ഡ് മുഫ്തി പ്രധാനമന്ത്രിക്കും സഊദി ഭരണകൂടത്തിനും കത്തയച്ചിരുന്നു.