തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടമുറിക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. പാപ്പനംകോട് ജംഗ്ഷന് സമീപമാണ് ഈ സംഭവം നടന്നത്. അപകടത്തെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. ബസിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്‌ടർക്കും ലോട്ടറി വിൽപ്പനക്കാരനും പരുക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വേഗതയിലായിരുന്ന ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവം നടന്നത് രാവിലെ ആയതുകൊണ്ടും കടയിൽ അധികം ആളില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ആണ് പരുക്കേറ്റവരെ പുറത്തെടുത്തത്.
അപകടം നടന്ന സ്ഥലത്തിനരികിൽ പത്രം വിറ്റുകൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ഉദയൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പത്രം വാങ്ങാനെത്തിയ ഒരാളുടെ സ്കൂട്ടറും ബസിനടിയിലായി. ലോട്ടറിക്കടയുടെ മുൻവശവും ബസിന്റെ മുൻവശവും പൂർണ്ണമായും തകർന്നു.
