ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും മലയാളത്തിലുമായി ധാരാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2018ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു.

ഹിന്ദി നാടകങ്ങളിൽ നൽകിയ സംഭാവനകൾക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അതിനുമുമ്പ് അസോച്ചം ലേഡീസ് ലീഗിന്‍റെ മുംബൈ വുമൺ ഓഫ് ദ ഡെക്കേഡ് ആർക്കൈവേഴ്സ് അവാർഡും നേടിയിരുന്നു. 1997-ൽ സുമ ജോസ്സൺ സംവിധാനം ചെയ്ത ജന്മദിനം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. 1988-ലെ തമസ്, 1995-ലെ മാമ്മോ എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ നേടി. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008-ൽ മികച്ച പ്രതിനായിക, 2011-ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും സ്വന്തമാക്കി.

പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭർത്താവ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *