വടക്കുകിഴക്കൻ മൺസൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. തമിഴ്നാട്ടിൽ ഇരുപതോളം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെന്നൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കേരളത്തിലും വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലർട്ടുണ്ട്.ചെന്നൈയിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ മദ്രാസ് ഹൈക്കോടതിയും പ്രവർത്തിക്കില്ല. അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഒക്‌ടോബർ 18 വരെ മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നഗരത്തിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ട്രാക്കിൽ വെള്ളം കയറിയതിനാൽ ചെന്നൈയിൽ നിന്നുള്ള 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ ദേശീയ ദുരന്ത നിവാരണ സേനയെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. അടിയന്തര സേവനങ്ങളും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ്‌ നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം ഇന്നലെ വെള്ളത്തിൽ മുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *