ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തില്‍ സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം. തുടര്‍ന്ന് വോട്ട് ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. നൂറുകോടി ആസ്തിയുള്ള ബാങ്കില്‍ മുപ്പത്തി ആറായിരത്തോളം മെമ്പര്‍മാരാണുള്ളത്.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസാണ് ഭരിച്ചിരുന്നത്. ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് നിലവിലെ ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. പിന്നാലെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമതവിഭാഗം മത്സരത്തിനിറങ്ങുകയായിരുന്നു. പോളിങ്ങിന്റെ ആദ്യമണിക്കൂറില്‍ തന്നെ കള്ളവോട്ട് ആരോപണമായി ഇരുവിഭാഗവും രംഗത്തെത്തി. പിന്നാലെയായിരുന്നു സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം. 36,000 ത്തോളം വോട്ടര്‍മാരുള്ള ബാങ്കില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത പൊലീസ് സുരക്ഷയിലാണ് പറയഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്.