ന്യൂഡൽഹി: ഇന്ത്യയിലെ മാവോയിസ്റ്റ് സംഘർഷങ്ങൾക്ക് അറുതിയായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ ഒരു ജില്ല പോലും ഇപ്പോൾ നക്‌സൽ ബാധിത പട്ടികയിൽ ഇല്ലെന്നത് ചരിത്രപരമായ നേട്ടമാണെന്ന് കേന്ദ്രം വിശേഷിപ്പിച്ചു.
2015-ൽ നടപ്പിലാക്കിയ ശക്തമായ പ്രതിരോധ നയങ്ങളുടെയും വികസന പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ വിജയം കൈവരിക്കാനായത്. മാർച്ച് 30-ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏപ്രിൽ എട്ടിലെ പുതിയ അറിയിപ്പ് പുറത്തുവരുന്നത്.
സംഘർഷങ്ങൾ അവസാനിച്ചെങ്കിലും മുൻപ് നക്‌സൽ സ്വാധീനമുണ്ടായിരുന്ന മേഖലകളിൽ നിരീക്ഷണം തുടരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എട്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 38 ജില്ലകളെ ‘ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ്’ എന്ന പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളാണ് ഈ പട്ടികയിലുള്ളത്. വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾ വീണ്ടും തലപൊക്കാതിരിക്കാനും ഈ ജില്ലകളിൽ കേന്ദ്രം ശക്തമായ നിരീക്ഷണം തുടരും.
