അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ വീട്ടില്‍ എം സ്വരാജ് സന്ദര്‍ശനം നടത്തിയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് സ്ഥാനാര്‍ഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശവും അധികാരവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ എത്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടു. എത്ര പ്രധാനപ്പെട്ട വ്യക്തികളെ കണ്ടു. പക്ഷേ, ഞങ്ങള്‍ പോകാന്‍ നേരം മാധ്യമ പ്രവര്‍ത്തകരെ വിളിച്ചില്ല എന്നേയുള്ളു. വി വി പ്രകാശിന്റെ വീട്ടില്‍ ആദ്യമൊരാള്‍ ചെന്നപ്പോള്‍ പറഞ്ഞ മറുപടി കേട്ടല്ലോ? ഞങ്ങളെയെല്ലാം വിഷമിപ്പിച്ച, കണ്ണീരണിയിച്ച ഒരു മറുപടിയായിരുന്നു അത്. മൂവര്‍ണ പതാക പുതച്ചാണ് പ്രകാശന്‍ യാത്രയായതെന്നും താന്‍ മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് പ്രകാശന്റെ ഭാര്യ സ്മിത ശക്തമായി പറഞ്ഞത് – അദ്ദേഹം പറഞ്ഞു.
ഷൗക്കത്ത് എന്തിനാണ് ആ വീട്ടില്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഷൗക്കത്തിന്റെ സഹോദരങ്ങള്‍ ഒക്കെ അപ്പുറത്ത് താമസിക്കുന്നുണ്ട്. അവിടെയൊന്നും അദ്ദേഹം പോയിട്ടില്ലല്ലോ. ജോയിയുടെ വീട്ടില്‍ പോയിട്ടില്ലല്ലോ. വി വി പ്രകാശന്റെ വീട്ടില്‍ എന്തിനാണ് ഷൗക്കത്ത് പോകുന്നത്. പോകണ്ട ആവശ്യമില്ലല്ലോ. ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെ പോകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചോളാം – അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രചാരണരീതിയായിരുന്നു സിപിഐഎമ്മും എല്‍ഡിഎഫും അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെപ്പില്‍ മുഖ്യമന്ത്രിയും ഈ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ എല്‍ഡിഎഫിന്റെ ആളുകളും ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *