മഹാമാരി പിടിമുറുക്കിയ ശേഷമുള്ള രണ്ടാമത്തെ ഹജ്ജിലേക്കു കടക്കുകയാണ് ഇസ്‌ലാം മതവിശ്വാസികൾ. തീർഥാടകർ പുണ്യനഗരമായ മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. വരുന്ന അഞ്ചു ദിവസം മക്ക ശുഭ്രവസ്ത്രം ധരിച്ച തീർഥാടകരുടെ തക് ബീർ ധ്വനികളാൽ മുഖരിതമാകും.

തുടർച്ചയായ രണ്ടാം വർഷവും നിയന്ത്രണങ്ങളോടെയാണു ഹജ് തീർഥാടനം. സൗദിയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ 60,000 പേർക്കുമാത്രമാണ് തീർഥാടനത്തിന് അനുമതി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. എന്നാൽ സാധാരണ ഹജ്ജിലേതിനേക്കാൾ വളരെ കുറവും. 2019ൽ ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ലക്ഷം തീർഥാടകര്‍ ഹജ്ജ് ചെയ്തിരുന്നു
കഴിഞ്ഞ വർഷം കോവിഡ് കാലത്ത് നടന്ന ഹജ്ജിന് ഒരു കേസ് പോലും റിപോർട് ചെയ്യപ്പെടാത്ത വിജയം ഇപ്രാവശ്യവും ആവർത്തിക്കാനുള്ള തയാറെടുപ്പ് സൗദി നടത്തിയിട്ടുണ്ട്.

വാക്സീൻ സ്വീകരിച്ചവർക്കും മുൻപ് ഹജ് കർമം അനുഷ്ഠിച്ചിട്ടില്ലാത്തവർക്കും മുൻഗണന നൽകിയാണ് ഹജ് ഉംറ മന്ത്രാലയം 60,000 തീർഥാടകരുടെ പട്ടിക തയാറാക്കിയത്. എഴുപതോളം മലയാളികളടക്കം വിവിധ ദേശക്കാരായ വിശ്വാസികൾ ലോകത്തെ എല്ലാ ഇസ്‌ലാം മത വിശ്വാസികളെയും പ്രതിനിധീകരിച്ച് ഹജ്ജിൽ പങ്കെടുക്കുന്നു. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് തീർഥാടനത്തിനൊരുങ്ങുന്നത്. നാലു കേന്ദ്രങ്ങളിലായി സ്വീകരിച്ച്, ബസുകളിലാണ് വിശ്വാസികളെ മക്കയിലെത്തിക്കുന്നത്. ഇതിനായി 1,700 ബസുകള്‍ ഒരുക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *