കോഴിക്കോട്: നബി കുടുംബാംഗങ്ങളായ സയ്യിദന്മാര്‍ നാടിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കുന്നവര്‍ ആണെന്നും സാമൂഹിക വികസനം സാധ്യമാക്കുന്നതിലും മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അവരുടെ ഇടപെടല്‍ മാതൃകാപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വര്‍ഷം തോറും മുഹര്‍റത്തില്‍ ചരിത്രസ്മൃതിയോടെ മര്‍കസില്‍ നടത്തുന്ന സാദത്ത് സമ്മേളനത്തിന്റെ പത്താം എഡിഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികള്‍ക്കെതിരെ സമൂഹത്തെ നയിച്ച മമ്പുറം തങ്ങളും സമസ്തയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ വരക്കല്‍ മുല്ലക്കോയ തങ്ങളുമെല്ലാം ഇതിന് ഉദാഹരണമാണ്. മര്‍കസ് സ്ഥാപനങ്ങളുടെ തറക്കല്ലിട്ടത് മക്കയിലെ പ്രമുഖ പണ്ഡിതനും പ്രവാചക കുടുംബത്തിലെ അംഗവുമായിരുന്ന സയ്യിദ് അലവി അല്‍ മാലിക്കി ആയിരുന്നു. അന്ന് മുതല്‍ നോളേജ് സിറ്റിവരെയുള്ള മര്‍കസിന്റെ എല്ലാ പദ്ധതികളിലും തങ്ങന്മാര്‍ വലിയ ഭാഗമായിട്ടുണ്ട്. -കാന്തപുരം പറഞ്ഞു.
കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവിധ ഖബീലകളിലെ 1500ലധികം സയ്യിദന്മാര്‍ സംഗമത്തില്‍ സംബന്ധിച്ചു. ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച സമ്മേളനം സമൂഹ നോമ്പുതുറയോടെയാണ് സമാപിച്ചത്. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങുകള്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖപ്രഭാഷണം നിര്‍വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശം നല്‍കി. സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങളെ സമ്മേളനം അനുസ്മരിച്ചു. സവിശേഷ മികവ് പുലര്‍ത്തിയ സയ്യിദന്മാരെ കാന്തപുരം ആദരിച്ചു.
സംഗമത്തില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ്. മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് അബ്ദുല്‍ ഖാദിര്‍ ഹൈദ്രൂസി മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, കെ എസ് കെ തങ്ങള്‍, സയ്യിദ് ഇബ്റാഹീം ബാഫഖി, വിപിഎ തങ്ങള്‍ ആട്ടീരി, സയ്യിദ് സ്വാലിഹ് ജിഫ്രി കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് സൈന്‍ ബാഫഖി, പി എം എസ് എ തങ്ങള്‍ ബ്രാലം, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, അബൂബക്കര്‍ സഖാഫി പന്നൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സാദാത്ത് സമ്മേളനങ്ങളുടെ ചുവടുപിടിച്ച് വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും മര്‍കസ് നടത്തുന്നുണ്ട്.