ബാഹുബലി എന്ന വമ്പൻ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ എസ് എസ് രാജമൗലി അതിനു ശേഷം സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർആർആർ. ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ ജനലക്ഷങ്ങൾ ആയിരുന്നു മാർച്ച് 25 ന് ചിത്രം തിയറ്ററുകളിൽ എത്തിയത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. എന്നാൽ ആഗോള സ്വീകാര്യതയിൽ രാജമൗലി പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് ചിത്രം എത്തിയത്.

തിയറ്റർ റിലീസിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിൽ എത്തിയതിനു ശേഷമായിരുന്നു ഭാഷാപരമായ അതിർത്തികൾക്കപ്പുറത്ത് ചിത്രത്തിനു ലഭിച്ച ഈ സ്വീകാര്യത. പ്രത്യേകിച്ചും പാശ്ചാത്യ ലോകത്ത്. ഹോളിവുഡിൽ നിന്നും ഒട്ടനവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ ഓസ്കർ നോമിനേഷനുകൾ പടിവാതിൽക്കൽ നിൽക്കുമ്പോൾ പാശ്ചാത്യ മാധ്യമങ്ങളുടെ സാധ്യതാ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് ആർആർആർ.

പ്രമുഖ അമേരിക്കൻ ചലച്ചിത്ര മാസികയായ വെറൈറ്റിയുടെ ഓസ്കർ പ്രഡിക്ഷൻ ലിസ്റ്റ് ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഓസ്കറിൽ രണ്ട് വിഭാഗങ്ങളിലെ പുരസ്കാരങ്ങൾക്ക് ആർആർആറിനുള്ള സാധ്യതയാണ് വെറൈറ്റി ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരമാണ്. ആസ്വാദകരുടെ പ്ലേ ലിസ്റ്റുകളിൽ ഇപ്പോഴും ട്രെൻഡ് ആയ ദോസ്തി എന്ന ഗാനത്തിനാണ് ഇത്. ഹേമചന്ദ്രയുടെ വരികൾക്ക് എം എം കീരവാണി സംഗീതം പകർന്നിരിക്കുന്ന ഗാനമാണ് ഇത്. എവരിവൺ എവരിവെയർ ഓൾ ഏറ്റ് വൺസ്, ടോപ്പ് ഗൺ മാവറിക് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പമാണ് വെറൈറ്റിയുടെ ലിസ്റ്റിൽ ഈ ഗാനവും ഉള്ളത്.

ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് കടന്നുചെന്നത്. നെറ്റ്ഫ്ലിക്സിൽ തുടർച്ചയായ 14-ാം വാരവും ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നു ചിത്രം. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളിൽ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിൻറെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുന്നത്. രാം ചരണും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ അജയ് ദേവ്‍ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദിൻറെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എൻറർടെയ്‍ൻ‍മെൻറ്സിൻറെ ബാനറിൽ ഡി വി വി ദാനയ്യയാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *