ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലഞ്ഞ് സർക്കാർ. ഇന്ധന ക്ഷാമം. പണപ്പെരുപ്പം, കരുതൽ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.

ജനരോഷം കടുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ വായ്പാ സഹായം തേടിയിരിക്കുകയാണ് ലങ്കൻ സർക്കാർ.

വിദേശ കരുതൽ ശേഖരം എക്കാലത്തെയും താഴ്ന്ന നിലയിലായതിനാൽ ഇറക്കുമതിക്ക് പണം നൽകാൻ ശ്രീലങ്ക പാടുപെടുന്നു. ഇന്ധനക്ഷാമം രാജ്യത്തിനുള്ളിൽ നിന്നു തന്നെയുള്ള ചരക്ക് ​ഗതാ​ഗതത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്, യുക്രെയ്ൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും രാജ്യത്തെ എണ്ണ ഇറക്കുമതിയെ ബാധിച്ചു.
ദിവസേന മണിക്കൂറുകളോളം നീണ്ട പവർ കട്ടും രാജ്യത്തുണ്ട്. കൊവിഡ് കാലം ടൂറിസം രം​ഗത്തെ ബാധിച്ചതും തിരിച്ചടിയായി. 15 ശതമാനമാണ് പണപ്പെരുപ്പം. വിദേശ കറൻസിയുടെ ഒഴുക്ക് തടയുന്നതിനായി ഇറക്കുമതികളിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 700 കോടി ഡോളറിലേറെയാണ് ശ്രീലങ്കയുടെ വിദേശ കടം. ഇത് സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നതിൽ പ്രധാന കാരണമാണ്.

പ്രതിസന്ധിക്ക് കാരണം ശ്രീലങ്കൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നാരോപിച്ച് നിരവധി പ്രതിഷേധങ്ങൾ കൊളംബോയിൽ നടക്കുന്നുണ്ട്. പ്രസിഡന്റ് ​ഗോതപായ ​രാജപക്സ രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം. ശ്രീലങ്കയ്ക്ക് ഈ വർഷം 10 ബില്യൺ ഡോളറിന്റെ വ്യാപാരകമ്മി ഉണ്ടാവുമെന്നും സ്ഥിതി​ഗതികൾ സർക്കാരിന്റെ നിയന്ത്രണങ്ങൾക്കുറത്തേക്ക് പോവുകയാണെന്നും പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായ ശ്രമങ്ങൾ പരമാവധി തുടരുമെന്നും രാജപക്സെ പറഞ്ഞിരുന്നു. ഐഎംഎഫിന്റെ സഹായം തേടി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഒരു ബില്യൺ ഡോളറിന്റെ വായ്പ നൽകാൻ കഴിഞ്ഞ ദിവസം ഇന്ത്യയുമായി ധാരണമായിരുന്നു. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് വ്യാഴാഴ്ച ഇരു സർക്കാരുകളും കരാർ ഒപ്പു വെച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഹ്രസ്വകാല ഇളവുള്ള വായ്പയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രതിനിധികൾ ഒപ്പുവെച്ചത്.

ഇന്ത്യയിൽ നിന്ന് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മരുന്നുകളും ഇറക്കുമതി ചെയ്യാൻ ശ്രീലങ്കയ്ക്ക് ഈ കാരാറിലൂടെ ‌പറ്റും. ദുഷ്കരമായ സമയത്ത് ശ്രീലങ്കയെ സഹായിക്കാനുള്ള മാനുഷിക നടപടി എന്നാണ് ഇന്ത്യൻ സർക്കാർ പ്രതിനിധികൾ വായ്പാ കരാറിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ കരാറുൾപ്പെടെ ഇതുവരെ 2.4 ബില്യൺ ഡോളറിന്റെ സാമ്പത്തിക സ​ഹായമാണ് ഇന്ത്യ ജനുവരി മാസം മുതൽ ശ്രീലങ്കയ്ക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *