നിലമ്പൂര്‍: കോണ്‍ഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശന്‍ ആരോപിച്ചു.
പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓര്‍ക്കാന്‍ കാരണമെന്താണ്. പണ്ട് നമ്മള്‍ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓര്‍മപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദന്‍ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രധാന ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി തങ്ങള്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാക്കുന്നതെന്താണ് എന്ന് ചോദിച്ച സതീശന്‍ സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇടതും വലത്തുമായി സിപിഎം തോളില്‍ കൈയിട്ടിരിക്കുന്നത് പി.ഡി.പി യുമായും ആ സ്വാമിയുമായാണെന്നും സതീശന്‍ പറഞ്ഞു.