തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ കൈമാറി പി എസ് സി. ഇന്നലെ വൈകിട്ടാണ് രേഖകള്‍ കൈമാറിയത്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവര്‍, ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങിന്റെ വിശദാംശങ്ങള്‍ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്.

10 ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വന്‍ വിവാദമായി. നിയമനത്തില്‍ മൂടിവെച്ചതെല്ലാം 7 ദിവസത്തിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഈ മാസം 6ന് ആണ്. പരാതിപ്രളയത്തില്‍ പി എസ് സിയുടെ വിശ്വാസ്യതക്കെതിരെ സംശയങ്ങളുയര്‍ന്നപ്പോള്‍ ഏഴിന് കമ്മീഷന്‍ വാര്‍ത്താകുറിപ്പിറക്കിയത് ഇങ്ങനെയാണ്: ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത് സൂക്ഷിക്കും.

എന്നാല്‍ പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷക്കുള്ള മറുപടിയില്‍ കമ്മീഷന്റെ തനിരൂപം ഒരിക്കല്‍ കൂടി തെളിഞ്ഞു. ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ കൈമാറാന്‍ നിര്‍വ്വാഹമില്ലെന്നായിരുന്നു മറുപടി. കൂടാതെ രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ കമ്മീഷന്‍ അപ്പീല്‍ നല്‍കാനും തീരുമാനിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *