ഡല്‍ഹി: നൂറ് ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കന്‍ നീക്കത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇന്ത്യ. ഊര്‍ജമാണ് പ്രധാനമെന്നാണ് ഇന്ത്യയുടെ നിലപാട്. പര്യാപ്തവും മിതമായ നിരക്കിലുള്ളതുമായ ഊര്‍ജ്ജം ഉറപ്പാക്കുന്നത് തുടരും. ഒന്നിലധികം സാധ്യതകള്‍ തേടുമെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വാത്രയുടെതാണ് പ്രതികരണം.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ കനത്ത തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഉപരോധ ബില്ലാണ് സെനറ്റിന് പിന്നാലെ അമേരിക്കന്‍ ജനപ്രതിനിധി സഭയും പാസാക്കിയത്. നൂറ് ശതമാനം വരെ തീരുവ ചുമത്തുന്നത് ഡോണള്‍ഡ് ട്രംപിന്റെ വിവേചനാധികാരമായതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് പ്രധാനമാകും.

വലിയ തീരുവ പ്രഖ്യാപിക്കപ്പെട്ടാല്‍ ഇന്ത്യക്ക് കനത്ത പ്രത്യാഘാതം ഉണ്ടാകാനാണ് സാധ്യത. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്ന വ്യാപാര കരാറിനെ നീക്കം ദുര്‍ബലമായി ബാധിക്കും. ഇന്ത്യന്‍ വ്യാപാരികളും കര്‍ഷകരും കടുത്ത തിരിച്ചടി നേരിടും. പണപ്പെരുപ്പം വര്‍ധിക്കും. തീരുവ നയം ഇന്ത്യ അമേരിക്ക നയതന്ത്ര വ്യാപാര ബന്ധത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കും. അമേരിക്കയുടെ എല്ലാ നീക്കങ്ങളും ഇന്ത്യ നിരീക്ഷിക്കുകയാണ്. പ്രത്യാഖ്യാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. ഇന്ത്യയുടെ വ്യാപാര സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *